GETSULTANIFIED
0
loading...

Rationalism യുക്തിവാദം

ഭൂമി അതിന്റെ അച്ചുതണ്ടിൽ 23 ഡിഗ്രി ചെരിഞ്ഞാണ് ഉള്ളതെന്ന് നമുക്കറിയാം. അങ്ങനൊരു ചെരിവ് ഇല്ലായിരുന്നു എങ്കിൽ ഭൂമി തന്നെ തണുത്തുറഞ്ഞു പോകുമായിരുന്നു. ഭൂമി കറങ്ങുന്നത് മണിക്കൂറിൽ 1000 മൈൽ വേഗതയിലാണ്. അത് കുറയുന്നതിനനുസരിച്ച് നമ്മുടെ പകലിന്റെയും രാത്രിയുടെയും ദൈർഘ്യവും കൂടും. അങ്ങനെ സംഭവിക്കുമ്പോൾ അമിതമായ സൂര്യപ്രകാശം ഭൂമിയിൽ പതിക്കുകയും അത് ജീവന്റെ നിലനിൽപ്പിനെ ബാധിക്കുകയും ചെയ്യും. ഇനി സൂര്യനിൽ നിന്ന് ഭൂമിയുടെ അകലം കൂടിയാലും കുറഞ്ഞാലും അത് ഭൂമിയിലെ ജീവനെ ബാധിക്കും. ചന്ദ്രൻ ഭൂമിയോട് കുറച്ച് കൂടെ അടുത്തിരുന്നു എങ്കിൽ വേലിയേറ്റം മൂലം കര മുഴുവൻ വെള്ളം കയറുമായിരുന്നു. ഇങ്ങനെ വളരെ ചെറിയ മാറ്റങ്ങൾ ഇപ്പോഴുള്ള ഭൂമിയിൽ സംഭവിച്ചിരുന്നു എങ്കിൽ ഈ ബ്ലോഗ് എഴുതുന്ന ഞാനും അത് വായിക്കുന്ന നിങ്ങളും ഈ ഭൂമിയിൽ ഉണ്ടാകുമായിരുന്നില്ല. അപ്പോൾ അതിന്റെ യുക്തി എന്താണ്!! ഭൂമിയിലെ അനുകൂലമായ സാഹചര്യത്തിൽ ജീവനുണ്ടായി എന്നോ ജീവനുണ്ടാകാൻ വേണ്ടി ഭൂമിയിൽ അങ്ങനൊരു സാഹചര്യം സൃഷ്ടിക്കപ്പെട്ടു എന്നോ??

എന്താണ് യുക്തിവാദം? പലരും വിശ്വസിക്കുന്നത് ദൈവത്തിൽ വിശ്വസിക്കുന്നവർ പല മതങ്ങളായി വിഭജിച്ചപ്പോൾ യുക്തിയിൽ വിശ്വസിക്കുന്നവരുടെ ഒരു മതമാണ് യുക്തിവാദം എന്നാണ്. മതം എന്നാൽ താല്പര്യം എന്നാണ് അർഥം. ആ അർത്ഥത്തിൽ യുക്തിവാദം ഒരു മതമാണ്. യുക്തിവാദം ബോധമാണ്. സ്വതന്ത്രമായ ചിന്തയാണ്. കടുത്ത മതവിശ്വാസികളും ഒരു വലിയ ശതമാനവും യുക്തിവാദികളാണ്. ചില വിഷയങ്ങളിൽ അവർ യുക്തി മനഃപൂർവം മറക്കുന്നു എന്ന് മാത്രം. ഇന്ന് നമുക്ക് ചുറ്റുമുള്ള മതവിശ്വാസികളെല്ലാം പാരമ്പര്യത്തിന്റെ പേരിൽ മാത്രം ഒരു മതത്തെയോ ദൈവത്തെയോ തിരഞ്ഞെടുത്തവരാണ്. യുക്തിവാദം ഒരു തത്വശാസ്ത്രമല്ല. യുക്തിവാദികൾ എല്ലാ കാലത്തേക്കും ഒരു പ്രത്യേക പ്രമാണത്തെ കേന്ദ്രീകരിച്ചോ ആചാര്യന്മാരെ അനുസരിച്ചോ മുൻപോട്ട് പോകുന്നവരല്ല. യുക്തിപരമായ ചിന്തകളിലൂടെ ജീവിക്കുക എന്ന സമീപനമാണ് യുക്തിവാദം. പ്രപഞ്ചം മുതൽ മനുഷ്യ സമൂഹം വരെ മാറിക്കൊണ്ടിരിക്കുന്നവയാണ്. അതുകൊണ്ട് തന്നെ മാറ്റമില്ലാത്ത ഒരു തത്വവും പ്രമാണവും മനുഷ്യനോ പ്രകൃതിക്കോ യോജിച്ചതല്ല. മാറിക്കൊണ്ടിരിക്കുന്ന ലോകത്തിന് മാറിക്കൊണ്ടിരിക്കുന്ന ബോധവും മൂല്യങ്ങളും തന്നെയാണ് വേണ്ടത്.

മനുഷ്യ നാഗരീകതയ്ക്ക് ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുണ്ട്. പ്രകൃതിയുടെ പ്രതിഭാസങ്ങളെ വിസ്മയത്തോടെ നോക്കി നിന്നിരുന്ന പൗരാണീക മനുഷ്യനിൽ നിന്നും ആധുനിക മനുഷ്യനിൽ എത്തുമ്പോൾ ചുറ്റുപാടിനെ മനസ്സിലാക്കാനും മാറ്റാനും ആവശ്യമായ സാങ്കേതികവിജ്ഞാനം ഇന്ന് അവനുണ്ട്. പ്രകൃതിയെ മനസ്സിലാക്കാൻ നടത്തിയ മനുഷ്യന്റെ ശ്രമമാണ് നാഗരികത. പ്രകൃതിയിൽ നിന്നും ലഭിച്ച വസ്തുക്കളിൽ ഭക്ഷ്യ യോഗ്യമായവയും അല്ലാത്തവയും കണ്ടെത്തുന്ന കാലം മുതൽക്കേ അവനോടൊപ്പം യുക്തിയുണ്ട്. വിഷമയമായവ തിന്നു മരിച്ച സഹജീവിയിൽ നിന്നോ മറ്റ് മൃഗങ്ങളിൽ നിന്നോ അവൻ മനസ്സിലാക്കിയെടുത്ത യുക്തി. വന്യമൃഗങ്ങളിൽ മെരുക്കാവുന്നവയെ കണ്ടെത്തിയതും ഇതേ യുക്തി ഉപയോഗിച്ചാവാം. ഗ്രീക്ക് ചിന്തകനായ അരിസ്റ്റോട്ടിൽ മനുഷ്യനെ വിശേഷിപ്പിച്ചത് യുക്തിയുള്ള മൃഗം എന്നാണ്.

തുടക്കകാലങ്ങളിൽ ബ്രിട്ടനിലെ ചിന്തകർ യുക്തിവാദത്തിന് എതിരായിരുന്നു. അവരുടെ ചിന്താ രീതി അനുഭവവാദമായിരുന്നു. Empiricism. അനുഭവമാണ് സകല ജ്ഞാനത്തിന്റെയും അടിസ്ഥാനം എന്നാണ് അവർ വിശ്വസിക്കുന്നത്. എന്നാൽ അനുഭവം എന്നത് പരിമിതമാണെന്നും യുക്തിയാണ് ജ്ഞാനത്തിന്റെ അടിസ്ഥാനമെന്ന് പിന്നീട് അവർക്കും ബോധ്യപ്പെട്ടു. എങ്കിലും റാഷണലിസവും എമ്പിരിസിസവും പരസ്പര പൂരകങ്ങളാണ്. ആധുനീക ചിന്തകരിൽ പലരും ഈ രണ്ടു ചിന്താ രീതികൾക്കും തുല്യസ്ഥാനം കൊടുക്കുന്നുണ്ട്.

മനുഷ്യയുക്തിയെ അടിസ്ഥാനമാക്കിയുള്ള ചിന്താരീതിയെയാണ് യുക്തിവാദം എന്ന് പറയുന്നത്. ഊഹാപോഹങ്ങളില്ലാത്ത വസ്തുനിഷ്ഠമായ അറിവിനെ വിശകലനം ചെയ്ത് സത്യം കണ്ടെത്താൻ ശ്രമിക്കുന്ന ചിന്താ രീതിയെയാണ് യുക്തി ചിന്ത. ഇന്റ്യൂഷനെ പൂർണമായും തള്ളിക്കളഞ്ഞുള്ള ചിന്താ രീതിയെ തീവ്രയുക്തിവാദമെന്നും ഇന്റയൂഷനെ താരതമ്യേന പ്രാധാന്യം കുറച്ച് കണ്ടു ചിന്തിക്കുന്ന രീതിയെയാണ് മിതയുക്തിവാദം. എന്നാൽ പൊതുവെ എല്ലാവരുടെയും മനസ്സിൽ യുക്തിവാദം എന്നാൽ നിരീശ്വരവാദമാണ്. യുക്തിവാദത്തിന്റെ, റാഷണലിസത്തിന്റെ ഒരു ഭാഗം മാത്രമാണ് Atheism, നിരീശ്വരവാദം.

ദൈവമില്ല എന്ന വാദം മാത്രമല്ല. ദൈവം സ്വർഗം നരകം പുണ്യം പാപം ആത്മാവ് തുടങ്ങിയ യാതൊന്നും ഇല്ല എന്ന വാദമാണ് Atheism. സത്യത്തിൽ ദൈവം ഉണ്ടോ? അങ്ങനൊരു ചോദ്യത്തിന് മൂന്ന് ഉത്തരങ്ങളാണ് ഉണ്ടാവുക. ദൈവമുണ്ട് എന്നും ദൈവമില്ല എന്നും ദൈവമുണ്ടോ എന്നറിയില്ല എന്നും. ദൈവമില്ല എന്ന് പറയുന്നവരും ദൈവമുണ്ടോ എന്ന് അറിയാത്തവരും ഒരു തരത്തിൽ അവരുടെ യുക്തി ഉപയോഗിച്ച് കാര്യങ്ങളെ കാണുന്നവരാണ്. ദൈവമുണ്ട് എന്ന് വിശ്വസിക്കുന്നവർ ചിന്തിക്കുന്നത് ഭക്തിയിലൂടെയാണ്. ഒരുപക്ഷെ അവർക്കും അറിയാമായിരിക്കും ദൈവമെന്നത് ഒരു സങ്കൽപം മാത്രമാണെന്ന്. പക്ഷെ അത് സമ്മതിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ട് ദൈവ വിശ്വാസികളായവരാണ് നമുക്ക് ചുറ്റും അധികവും.

എന്നാൽ ഇതൊന്നും അല്ലാതെ ദൈവമുണ്ട് എന്ന് പൂർണമായും വിശ്വസിക്കുന്ന പ്രപഞ്ചത്തിന്റെ സ്രഷ്ടാവ് ദൈവമാണ് എന്ന് ഉറച്ച് വിശ്വസിക്കുന്നവരും നമുക്കിടയിൽ കുറവല്ല. പലപ്പോഴും യുക്തിവാദികളുമായി സംവാദത്തിൽ ഏർപ്പെടുന്നവർ അത്തരക്കാരാണ്. ദൈവത്തിന് തെളിവുണ്ടോ എന്ന ചോദ്യത്തിന് ദൈവമില്ല എന്നതിന് തെളിവുണ്ടോ എന്ന മറുചോദ്യമാണ് ഉത്തരം. നിലനിൽക്കുന്ന ഒന്നുണ്ടെങ്കിൽ അതിനൊരു തെളിവുണ്ടാകണം എന്ന സാമാന്യ യുക്തിപോലും അവർ അംഗീകരിക്കാറില്ല. ദൈവത്തിന് വേണ്ടി വാദിക്കുന്നവരിൽ പലരും വിശ്വസിക്കുന്നത് അവർ വിശ്വസിക്കുന്ന ദൈവമാണ് പ്രപഞ്ചം സൃഷ്ടിച്ചത് എന്നാണ്. എന്നാൽ അങ്ങനെ വിശ്വസിക്കുന്ന ഒരു ലക്ഷം പേരുണ്ടെങ്കിൽ അവർ വിശ്വസിക്കുന്ന ദൈവത്തിന്റെ എണ്ണവും ഒരു ലക്ഷത്തിൽ കൂടുതൽ കാണും. അങ്ങനെ എങ്കിൽ അവരിൽ ആരായിരിക്കും പ്രപഞ്ചത്തെ സൃഷ്ടിച്ചത്??

എണ്ണിയാലൊടുങ്ങാത്തത്ര മതങ്ങളും അതിനനുസരിച്ച് ദൈവങ്ങളും ഈ ഭൂമിയിൽ ഉണ്ടായിരുന്നു. അവയിൽ പലതും ഇന്ന് മണ്മറഞ്ഞു പോയിട്ടുമുണ്ട്. അവയിൽ ചിലരാണ് ഗ്രീക്ക് ദൈവങ്ങളും റോമൻ ദൈവങ്ങളും. ഇന്ന് ഏറ്റവും പ്രചാരത്തിലുള്ള ഇസ്ലാം ക്രിസ്ത്യൻ ജൂത മതങ്ങളുടെ വിശ്വാസങ്ങൾക്ക് തുടക്കം കുറിച്ചു എന്ന് കരുതപ്പെടുന്ന ബാബിലോണിയൻ വിശ്വാസങ്ങളിലെ ദൈവങ്ങളുടെ രാജാവായ മർദുക് ഇന്ന് കഥകളിൽ പോലുമില്ല. ഒരു കാലത്ത് പ്രതാപത്തിലായിരുന്ന ഈജിപ്ഷ്യൻ വിശ്വാസങ്ങളിലെ ദൈവങ്ങളും ഇതേ അവസ്ഥയിൽ തന്നെയാണ്. ഇവരിൽ നിന്ന് വത്യസ്തരാണ് ഹിന്ദു മത വിശ്വാസികൾ. ഹിന്ദു ഒരു മതമല്ലെന്നും മറ്റു വിശ്വാസികൾ മതങ്ങളായി മാറിയപ്പോൾ ബാക്കിയുള്ള ഹിന്ദുക്കളെ അവരുടെ സംസ്കാരത്തെ ഒരു മതമാക്കി മാറ്റിയത് ബ്രിട്ടീഷുകാരാണെന്ന് പറയപ്പെടുന്നു. അതിലും പിറകിലേക്ക് പോയാൽ ഹിന്ദു ദൈവങ്ങളുടെ വിഷമം മനസ്സിലാകൂ.

ഹിന്ദുമതത്തിന്റെ അടിസ്ഥാനം എന്ന് പറയപ്പെടുന്ന വേദങ്ങളിൽ പോലും പരാമര്ശിക്കപ്പെടാത്ത ദൈവങ്ങളെയാണ് ഇന്ന് അവർ ആരാധിക്കുന്നത്. വേദങ്ങളിൽ പറയപ്പെടുന്ന ദൈവങ്ങൾ ഇന്ദ്രനും അരുണനും സൂര്യനും പവനനുമൊക്കെയാകുമ്പോൾ ഇന്ന് ഹിന്ദു ആരാധിക്കുന്നത് ആര്യ സംസ്കാരത്തിന്റെ സമ്മാനങ്ങളായ ബ്രഹ്മ വിഷ്ണു മഹേശ്വരന്മാരെയാണ്. ഇത്തരത്തിൽ ഒരുപാട് ദൈവ സങ്കൽപ്പങ്ങൾക്ക് വംശനാശം സംഭവിച്ചിട്ടുണ്ട്. മായൻ ഇങ്ക സംസ്കാരങ്ങളിലെ ദൈവങ്ങൾ ഇന്ന് വെറും കാഴ്ചവസ്തുക്കളാണ്. ലെബനനിലുള്ള ദ്രൂസ് മതവും ഇറാഖിലുള്ള യസീദികളും നമ്മുടെ നാട്ടിൽ തന്നെ കാണാൻ സാധിക്കുന്ന പല ആദിവാസി സമൂഹ വിശ്വാസങ്ങളും വംശനാശ ഭീഷണി നേരിടുന്നുണ്ട്. ഒന്നുകിൽ ചരിത്രം അനുസരിച്ച് ഇന്ന് നാം വിശ്വസിക്കുന്ന ദൈവങ്ങൾ പുതിയ ദൈവങ്ങൾക്കായി വഴിമാറേണ്ട കാലം വിദൂരമല്ല അതല്ല എങ്കിൽ മനുഷ്യന് ജീവിക്കാൻ മതവും ദൈവവും അത്യാവശ്യമായ ഒരു കാര്യമല്ല എന്ന ബോധം മനുഷ്യനെ കീഴടക്കും.

ജെയിംസ് ജോർജ് ഫ്രേസർ. ഒരു സ്‌കോട്ടിഷ് ആന്ത്രോപോളജിസ്റ് ആണ്. അദ്ദേഹം തന്റെ പ്രശസ്ത ശാസ്ത്ര ഗ്രന്ഥമായ ദി ഗോൾഡൻ ബോയിൽ മനുഷ്യന്റെ യുക്തിയെ കുറിച്ച് പരാമർശിക്കുന്നുണ്ട്. പരിണാമത്തിൽ മറ്റൊരു ജീവിയിലും സംഭവിക്കാത്ത തലച്ചോറിന്റെ വളർച്ചയാണ് മനുഷ്യനെ മറ്റുള്ള ജീവികളിൽ നിന്നും വത്യസ്തനാക്കിയത്. മഞ്ഞും മഴയും പ്രകൃതി ദുരന്തങ്ങളും മനുഷ്യന്റെ മുന്നിൽ ഒരു പ്രഹേളികയായിരുന്നു. അവൻ ഭയത്താൽ ഉരുവിട്ട ചില മന്ത്രങ്ങളാണ് അവയെ നിർത്തിയത് എന്ന് അവൻ വിശ്വസിച്ചു. പിന്നീട് അവന്റെ ചിന്തകളിൽ അത്തരം പ്രഹേളികകൾക്ക് പിന്നിൽ ഒരു ശക്തിയുണ്ട് എന്ന തോന്നലുണ്ടാക്കി. അങ്ങനെ ഒരുപോലെ ചിന്തിച്ചവർ ഒരു സംഘമായി.അവരായിരുന്നു ആദിമ മതം.

സർവനാശം വരുത്തുന്ന അത്തരം അവസ്ഥയ്ക്ക് പിന്നിൽ ഒരു ശക്തിയുണ്ടെന്നും ആ ശക്തിയെ പ്രീതിപ്പെടുത്തി തനിക്ക് അവയിൽ നിന്നും രക്ഷ നേടണമെന്നുമുള്ള ചിന്തകളായി പിന്നീട്. തലമുറകൾ കൈമാറിവന്ന അനുഭവങ്ങൾ ആ ശക്തിക്ക് പല പേരുകൾ നൽകി അവിടെ മതങ്ങൾ വിഭജിച്ച് തുടങ്ങി. ജനനവും മരണവും മുതൽ ഭക്ഷണം തേടുന്നതിൽ വരെ അവൻ ആരാധിക്കുന്ന ശക്തിക്ക് പങ്കുണ്ടെന്ന് അവൻ വിശ്വസിച്ചു. അവനോടൊപ്പമുള്ളവരെയും വിശ്വസിപ്പിച്ചു. പ്രകൃതി ദുരന്തങ്ങളിലെ കൂട്ട മരണങ്ങൾ ഒഴിവാക്കാനായി കൂട്ടത്തിൽ ഒരാൾ സ്വമേധയാ ബലി നൽകി ആ ശക്തിയെ പ്രീതിപ്പെടുത്തി. പിന്നീട് ബലി ദുര്ബലര്ക്കുള്ള വിധിയായി മാറി. മനുഷ്യൻ പെറ്റ ദൈവവും മനുഷ്യനെപോലെയായിരുന്നു. രൂപത്തിലും ഭാവത്തിലും മാത്രമല്ല മനുഷ്യനെ പോലെ സ്നേഹവും ദേഷ്യവും കാമവും മറ്റ് ദൈവങ്ങളോടുള്ള മത്സരബുദ്ധിയും ദൈവങ്ങൾക്കുണ്ടായിരുന്നു. പ്രകൃതിയുടെ ദാനമായി കിട്ടിയിരുന്ന കായ്കനികളെ കൂടാതെ മനുഷ്യൻ സ്വന്തമായി കൃഷിചെയ്ത് വിളവെടുക്കാൻ ആരംഭിച്ചു. അത് മനുഷ്യന്റെ നാഗരികതയുടെ തുടക്കമായിരുന്നു. അത് പിന്നീട് ചെറു നാടുകളായി.. രാജ്യങ്ങളായി.. പ്രശസ്തരും ശക്തരുമായ രാജാക്കന്മാരുള്ള രാജ്യങ്ങളിലെ ദൈവങ്ങളും പ്രശസ്തരും ശക്തരുമായി. രാജ്യങ്ങൾ തമ്മിൽ യുദ്ധങ്ങളുണ്ടായി. അത്തരം യുദ്ധങ്ങളിലെ വിജയവും പരാജയവും ദൈവങ്ങളുടേതുകൂടിയായി.. പിന്നീട് യുദ്ധകാരണവും ദൈവങ്ങളായി.

മതങ്ങളുടെയും ദൈവങ്ങളുടെയും യഥാർത്ഥ ചരിത്രം ചികയാൻ ആർക്കും താല്പര്യമില്ല. അവർക്ക് മതഗ്രന്ഥങ്ങളിൽ എഴുതപ്പെട്ട പുരാണങ്ങളിലാണ് താല്പര്യം. അതിൽ പറയപ്പെടുന്ന ദൈവമാണ് ഈ ലോകത്തിന്റെ സകല ചരാചരങ്ങളെയും നിയന്ത്രിക്കുന്നത് എന്ന് വിശ്വസിക്കുന്നവരാണവർ. എല്ലാ മതങ്ങളും ദൈവവിശ്വാസങ്ങളും രൂപപ്പെട്ടത് അതുണ്ടായ കാലത്തേ അറിവുകളും വസ്തുതകളും ഉൾക്കൊണ്ടാണ്. നിലവിലുള്ള മതങ്ങളിൽ അവരുടെ ദൈവമാണ് യഥാർത്ഥ ഏക ദൈവം എന്ന് അവർ ന്യായീകരിക്കുന്നതും ആ ദൈവം പറഞ്ഞ യുക്തി നിരത്തിയാണ്. അപ്പോൾ അവർ തന്നെ പറയുന്നു ഏറ്റവും യുക്തിയുള്ള ദൈവമാണ് യഥാർത്ഥ ദൈവം എന്ന്. അതായത് മതങ്ങളിൽ ശ്രെഷ്ഠമായ മതമേതാണെന്ന് ഒരു ചർച്ച നടത്തിയാൽ അതിന്റെ അടിസ്ഥാനം യുക്തിയായിരിക്കും എന്ന്

യുക്തിവാദം മറ്റ് മതങ്ങളെ പോലെയല്ല. ദൈവമുണ്ട് എന്നത് യുക്തിക്ക് നിരക്കാത്തതുകൊണ്ട് മാത്രമാണ് ദൈവമില്ല എന്ന് യുക്തിവാദികൾ വിശ്വസിക്കുന്നത്. യുക്തിവാദത്തിന്റെ മറ്റൊരു പ്രത്യേകത തെളിവുകളാണ് യുക്തിയെ നയിക്കുന്നത് എന്നതാണ്. ദൈവം ഉണ്ട് എന്നതിന് തെളിവുണ്ടാകുന്ന നിമിഷം യുക്തിവാദികളും ഈശ്വരവിശ്വാസികളാകും. എന്നാൽ ദൈവ വിശ്വാസികൾക്ക് എത്ര തെളിവുകൾ ലഭിച്ചാലും അവർ അവരുടെ കേന്ദ്രമായ പ്രമാണ പുസ്തകങ്ങളിലെ വാചകങ്ങളിലും പുരാണകഥയിലും കടിച്ചു തൂങ്ങുക തന്നെ ചെയ്യും. ഒരുകാലത്ത് മനുഷ്യന്റെ അറിവില്ലായ്മയെയായിരുന്നു ദൈവം എന്ന് വിളിച്ചിരുന്നത്. മഴയുണ്ടാക്കുന്നത് പണ്ട് ദൈവമായിരുന്നു. പിന്നീട് മേഘങ്ങൾ പെയ്താണ് മഴയുണ്ടാകുന്നത് എന്ന് മനസിലായപ്പോൾ മേഘങ്ങൾ ഉണ്ടാക്കുന്നത് ദൈവമായി. പിന്നീട് മേഘങ്ങൾ ഉണ്ടാകുന്നത് ഭൂമിയിലെ വെള്ളം ആവിയായി മുകളിലേക്ക് ചെന്നാണ് എന്നറിഞ്ഞപ്പോൾ അതിന് കാരണം ദൈവമായി. അങ്ങനെ ശാസ്ത്രം ഓരോന്ന് കണ്ടെത്തുമ്പോൾ അതിന് മുകളിലുള്ളത് ദൈവമായി മാറി. ഇന്ന് പ്രപഞ്ചത്തിന്റെ അറ്റത്ത് ശാസ്ത്രം എത്തി നിൽക്കുന്നു അപ്പോൾ ബിഗ് ബാംഗ് ദൈവം ഉണ്ടാക്കിയതായി. ഇനി ശാസ്ത്രം ദൈവമാകുന്ന കാലം വിദൂരമല്ല.

മരിച്ച് മുകളിലേക്ക് ചെല്ലുമ്പോൾ ദൈവം ഉണ്ടെങ്കിലോ എന്ന് കരുതി പൂർണമായും ദൈവത്തെ തള്ളിക്കളയാത്ത ചിലരും എന്നാൽ ദൈവമുണ്ട് എന്ന് ഉറപ്പില്ലാത്തവരുമായവർ നമുക്കിടയിലുണ്ട്. ദൈവമല്ലേ. ക്ഷമിച്ചോളും. എന്നെ സംബന്ധിച്ച് ദൈവ വിശ്വാസം ഒരു തെറ്റായ കാര്യമല്ല. അതിൽ തെറ്റായി എനിക്ക് തോന്നിയിട്ടുള്ള കാര്യം വളർന്നു വരുന്ന ഒരു തലമുറയെ ദൈവവിശ്വാസത്തിന്റെ പേരിൽ അന്ധതയിലേക്ക് തള്ളിയിടുന്നതാണ്. മറ്റൊരാൾക്ക് ഉപദ്രവം നൽകുന്ന വിശ്വാസങ്ങൾ ഏതായാലും അത് തിരുത്തപ്പെടേണ്ടത് തന്നെയാണ്. മറ്റൊരാൾക്ക് ബുദ്ധിമുട്ടുണ്ടാകാതെ സ്വന്തം മാനസിക സന്തോഷത്തിന് വേണ്ടി ദൈവത്തെ വിശ്വസിക്കുന്ന ഒരുപാട് പേർ നമുക്കിടയിലുണ്ട്. അവർക്ക് ദൈവം സന്തോഷം നൽകുന്നു എങ്കിൽ അതൊരു നല്ല കാര്യമല്ലേ. പക്ഷെ ഒന്നുണ്ട് ദൈവത്തോട് എത്ര ഇഷ്ടമുണ്ടെന്ന് പറഞ്ഞാലും ദൈവത്തെ പൂർണമായി വിശ്വസിക്കുന്നു എന്ന് പറഞ്ഞാലും ദൈവത്തിങ്കലേക്കു ഒരു ദിവസം നേരത്തെ പോകാൻ താല്പര്യമുള്ള എത്ര ദൈവവിശ്വാസികളുണ്ടാകും? എത്രപേർ അസുഖങ്ങൾ ദൈവഹിതമെന്ന് കരുതി മരുന്ന് കഴിക്കാതെ ഇരിക്കും? രക്തം നല്കുന്നവന്റെ ദൈവത്തെ അന്വേഷിക്കാറുണ്ടോ? വീഴുമ്പോൾ പിടിച്ചെഴുനേൽപ്പിച്ചവന്റെ മതം അന്വേഷിക്കാറുണ്ടോ? Simply ഇത്തരം ചിന്തകളാണ് യുക്തിവാദം.



Please check the Disclaimer before using www.beyporesultan.com
The content displayed on the website is the intellectual property of www.beyporesultan.com. You may not reuse, republish, or make YouTube/Facebook videos on the content without our consent.  All information posted is merely for educational and informational purposes. While the information on this website has been verified to the best of our abilities, We cannot guarantee that there are no mistakes or errors. We reserve the right to change this policy at a given time, of which you will be updated. If you want to make sure that you are up to date with the latest changes, we advise you to frequently visit our website. 
VIEW
Close